അലഹാബാദിൽ നടക്കുന്ന അർദ്ധ കുംഭമേളയിൽ ‘ശാകുന്തളം’ കൂടിയാട്ടം അവതരിപ്പിക്കും

ഇരിങ്ങാലക്കുട : അലഹബാദിലെ പ്രയാഗിൽ ജനുവരി മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്ന ആറു കൊല്ലത്തിലൊരിക്കൽ മാത്രം ആഘോഷിക്കുന്ന അർദ്ധ കുംഭമേളയിൽ കേരളീയ കലാരൂപമായ കൂടിയാട്ടം അവതരിപ്പിക്കുന്നു. ജനുവരി 10ന് ഇദംപ്രഥമായി ഒരു കുംഭമേളയിൽ കൂടിയാട്ടം അവതരിപ്പിക്കുവാൻ വേണുജി സംവിധാനം ചെയ്ത ശാകുന്തളം കൂടിയാട്ടം ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രസംഗീതനാടക അക്കാദമിയുടെ കീഴിലുള്ള കൂടിയാട്ടം കേന്ദ്രയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കപില വേണു ശകുന്തളയായും സൂരജ് നമ്പ്യാർ ദുഷ്യന്തനായും അമ്മന്നൂർ രജനീഷ് ചാക്യാർ സൂതൻ ആയിട്ടും വേഷമിടുന്ന അഭിജ്ഞാനശാകുന്തളം ഒന്നാം അങ്കമാണ് ഇതിവൃത്തം. കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പശ്ചാത്തല മേളം നൽകുന്നു. കലാനിലയം ഹരിദാസാണ് ചമയം നിർവഹിക്കുന്നത്