മുൻ നക്സൽ പ്രവർത്തകന്‍ എ.ഡി സഹദേവൻ അന്തരിച്ചു


Carmel College Admission Started

കാട്ടൂർ : മുൻ നക്സൽ പ്രവർത്തകന്‍ എ.ഡി സഹദേവൻ അന്തരിച്ചു. തൃശ്ശൂർ ജില്ലയില്‍ സിപിഐ എംഎൽ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുന്നണിയിൽ പ്രവർത്തിച്ചയാളാണ് സഹദേവൻ. തൃശ്ശൂർ ജില്ലയിലെ ആദ്യ കമ്മറ്റിയിലെ അംഗമായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം.

അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്ത് വിയ്യൂർ ജയിലിൽ വെച്ച് രൂപീകരിച്ച പാർട്ടി കമ്മറ്റിയില്‍ അംഗമായിരുന്നു. അടിയന്തരാവസ്ഥാ തടവുകാരുടെ ഏകോപന സമിതിയുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചിരുന്നു.

പിൽക്കാലത്ത് പാർട്ടിയിൽ നിന്ന് അകലുകയും സിഐടിയുവിൽ ചുമട്ടു തൊഴിലാളിയാകുകയും ചെയ്തു. പിന്നീട് ജോസ് ചിറമ്മലിന്റെ നാടകപ്രവർത്തനങ്ങളുമായി ഇദ്ദേഹം സഹകരിക്കുകയുണ്ടായി. 1983-ൽ ജോസ് ചിറമ്മലിന്റെ നേതൃത്വത്തിൽ കാട്ടൂരിൽ നടന്ന അഞ്ചു മാസത്തെ നാടകക്യാമ്പിന്റെ മുഖ്യസംഘാടകനായിരുന്നു. മുപ്പതോളം വർഷത്തിനു ശേഷം 2014-ൽ കാട്ടൂർ ക്യാമ്പിന്റെ സ്മരണ പുതുക്കാനായി കാട്ടൂരിൽ നടന്ന ഒത്തുചേരലിന്റെയും മുഖ്യസംഘാടകനും ഇദ്ദേഹമായിരുന്നു. മൃതദേഹ സംസ്കാരം ഇന്ന് വൈകീട്ട് കാട്ടൂർ മുനയത്തെ തറവാട്ടു വളപ്പിൽ നടന്നു.