മനോരമയുടെ “നല്ലപാഠം” പദ്ധതിയിലൂടെ എസ് എൻ, എൽ.പി സ്കൂളിലെ കൊച്ചു കുരുന്നുകൾ നന്മയുടെ നല്ല മരങ്ങളാകുന്നു ..


Carmel College Admission Started

ഇരിങ്ങാലക്കുട : എസ്.എൻ, എൽ.പി സ്കൂളിലെ കുട്ടികൾ തങ്ങളുടെ ആഗ്രഹങ്ങൾ വേണ്ട എന്നു വെച്ച് മണിക്കുടുക്കയിൽ ഇട്ട്‌ സ്വരൂപിച്ച മൂവായിരം രൂപ, “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മയുടെ “അന്നം” പദ്ധതിയിലൂടെ ഇരിങ്ങാലക്കുടയിൽ ഭക്ഷണത്തിന് വേണ്ടി അലയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ നൽകിക്കൊണ്ട് പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കി. ഒരു കൊല്ലത്തോളമായി, തങ്ങളാൽ ആവുന്ന വിധം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് സുമിത ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ ചെയ്തു വരുന്നത്.

സ്കൂൾ ഹെഡ്മിസ്ട്രസ് ബിജുന ടീച്ചറുടെ എല്ലാ സപ്പോർട്ടുകളോടെ, സുമിത ടീച്ചറും, നന്മയുടെ നിറകുടമായ ഈ കൊച്ചു കുട്ടികളും ചേർന്ന് കഴിഞ്ഞ ഒരു കൊല്ലം ചെയ്ത നന്മകൾ പറയുമ്പോൾ അവരുടെ വാക്കുകളിൽ ചരിതാർഥ്യവും, അടുത്ത തലമുറയിലെ 96 കുട്ടികളെ മാനുഷിക മൂല്യങ്ങളിൽ ഊന്നി, പരസ്പരം പങ്ക് വെച്ച്, സ്നേഹത്തോടെ വളർത്തുന്നതിന്റെ സന്തോഷവും കാണാം. നല്ലപാഠം വാക്കുകളിൽ ഒതുക്കാതെ സമൂഹത്തിലെ അർഹരായവർക്ക് ഈ കൊച്ചു കുട്ടികളും ടീച്ചർമാരും ചെയ്യുന്ന സഹായങ്ങൾ എല്ലാ സ്കൂളുകൾക്കും, കുട്ടികൾക്കും ഒരു നല്ല മാതൃക ആണ്.

മൂവായിരം രൂപയുടെ ചെക്ക്, ഹെഡ്മിസ്ട്രസ് ബിജുന ടീച്ചറുടെയും, നല്ലപാഠം കോർഡിനേറ്റർ സുമിത ടീച്ചറുടെയും കയ്യിൽ നിന്നും “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മക്കു വേണ്ടി ലിയോ തോമസ് & ജീസ് ലാസർ എന്നിവർ ഏറ്റുവാങ്ങി..