48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു ; പണിമുടക്ക് ഇരിങ്ങാലക്കുടയിൽ ഭാഗികം


ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് അർദ്ധരാത്രി മുതൽ ആരംഭിച്ചു. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.

സ്വകാര്യ ബസ്സുകളും, കെ എസ്സ് ആർ ടി ബസ്സുകളും സർവീസ് നടത്തുന്നില്ല. ഓട്ടോ, ടാക്സി തുടങ്ങിയ പൊതുവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ തടസ്സമില്ലാതെ നിരത്തിലിറങ്ങിയിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി എകോപന സമിതി നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് ഒട്ടുമിക്ക കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

പോസ്റ്റൽ, കെ.എസ്.ഇ.ബി, ബാങ്കിംഗ്, ഇൻഷുറസ്, തുടങ്ങി വിവിധ മേഖലകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ഉല്ലാസ് കളക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. കെ നന്ദനൻ അധ്യക്ഷത വഹിച്ചു, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ നേതൃത്വം നൽകി