സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയത്തിലെ ദനഹാ തിരുനാൾ ജനുവരി 5,6,7 തിയ്യതികളിൽ ; പ്രളയ ദുരിതാശ്വാസത്തിന് ആഘോഷങ്ങളൊഴിവാക്കി ഇത്തവണ കാരുണ്യത്തിന്റെ അതിജീവന തിരുനാൾ


Carmel College Admission Started

ഇരിങ്ങാലക്കുട : സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയത്തിലെ പ്രസിദ്ധമായ ദനഹാ തിരുനാൾ (പിണ്ടി പെരുന്നാൾ) ജനുവരി 5,6,7 തിയ്യതികളിൽ നടക്കും. യേശു ക്രിസ്തുവിന്റെ മാമോദീസയുടെ അനുസ്മരണവും, വിശ്വാസത്തിനായി രക്തസാക്ഷിത്വം വഹിച്ച വി.സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാളുമാണ് പിണ്ടി പെരുന്നാളായി ആഘോഷിക്കുന്നത്. ജാതി മത ഭേദമന്യേ ഇരിങ്ങാലക്കുടക്കാർ ആഘോഷിക്കുന്ന ദനഹാ തിരുന്നാളിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കത്തിഡ്രൽ വികാരി റവ.ഫാ.ആന്റു ആലപ്പാടൻ അറിയിച്ചു.

തിരുന്നാളിനോടനുബന്ധിച്ച് 2018 ഡിസംബർ 28 -ാം തിയ്യതി മുതൽ വൈകിട്ട് 5 മണിക്ക് ആഘോഷകരമായ ദിവ്യബലി, ലദ്ദീഞ്ഞ്, നൊവേന എന്നിവയുണ്ടായിരിക്കും.

ജനുവരി 2 -ാം തിയ്യതി രാവിലെ 6 മണിയുടെ ദിവ്യബലിക്ക് കത്തീഡ്രൽ വികാരി ഫാ.ആന്റു ആലപ്പാടൻ കാർമ്മികത്വം വഹിക്കും. തുടർന്ന് തിരുന്നാൾ കൊടിയേറ്റം.ജനുവരി 3 -ാം തിയ്യതി വൈകീട്ട് 5 മണിക്ക് ആഘോഷകരമായ കുർബ്ബാന, ലദ്ദീഞ്ഞ്, നൊവേന തുടർന്ന് മതമൈത്രി സംഗമവും, പിണ്ടിയിൽ തിരിതെളിക്കൽ ചടങ്ങും ഉണ്ടായിരിക്കും.

ജനുവരി 4 -ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ജോയ് ആലപ്പാട്ട് മെത്രാന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി, ലദ്ദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, അമ്പ് ആശീർവാദം എന്നിവയുണ്ടായിരിക്കും.

ജനുവരി 5-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് സ്റ്റീഫൻ ചിറപ്പണത്ത് മെത്രാന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി, ലദ്ദീഞ്ഞ്, നൊവേന, പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവെക്കൽ, നേർച്ച വെഞ്ചരിപ്പ് എന്നിവയുണ്ടായിരിക്കും. തുടർന്ന് വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും.

ജനുവരി 6 ഞായറാഴ്ച തിരുന്നാൾ ദിനത്തിൽ രാവിലെ 10.30 ന് ആഘോഷകരമായ പൊന്തിഫിക്കൽ കുർബ്ബാനക്ക് ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ.പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിക്കും.ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുന്നാൾ പ്രദക്ഷിണവും 7 മണിക്ക് ദിവ്യബലിയുടെ ആശീർവ്വാദ കർമ്മവും നടക്കും.

ജനുവരി 7 തിങ്കളാഴ്ച മരിച്ചവരുടെ ഓർമദിനമായി ആചരിക്കും.രാവിലെ നടക്കുന്ന ആഘോഷകരമായ ദിവ്യബലിക്കു ശേഷം വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ അമ്പെഴുന്നള്ളിപ്പുകൾ ഉണ്ടായിരിക്കും.

ഈ വർഷം പ്രളയത്തെ തുടർന്ന് രൂപത അതിജീവന വർഷമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ആർഭാടങ്ങളൊഴിവാക്കി കൊണ്ടാണ് തിരുനാൾ ആഘോഷിക്കുന്നത്. ദീപാലങ്കാരങ്ങളും, വഴിയോര അലങ്കാരങ്ങളും, വെടിക്കെട്ടും ചുരുക്കി, തിരുന്നാൾ സപ്ളിമെന്റ്റ് വേണ്ടെന്നു വെച്ച് പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾക്ക് സഹായ ധനം നൽകും.

പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾക്ക് മാസം 1000 രൂപ വീതം 1000 കുടുംബങ്ങൾക്ക് ഒരു വർഷം നൽകുന്ന പ്രളയ ദുരിത ബ്ളെസ്സ് എ ഹോം പദ്ധതിയിൽ 100 കുടുംബങ്ങൾക്കായി 12 ലക്ഷം രൂപ കത്തീഡ്രൽ ഇടവക തിരുന്നാളിനോടനുബന്ധിച്ച് നൽകും. റൂബി ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച 40 വീടുകൾ കൂടാതെ പ്രളയത്തിൽ പൂർണ്ണമായും തകർന്ന 8 വീടുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിൽ രണ്ട് വീടുകൾ പൂർത്തിയായി. ഭാഗികമായി തകർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച പത്തോളം വീടുകളുടെ അറ്റകുറ്റപണികൾ തീർത്ത് വാസയോഗ്യമാക്കി.1 കോടി രൂപയോളം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇടവക നീക്കിവെച്ചിട്ടുണ്ടെന്നും കത്തീഡ്രൽ വികാരി റവ.ഫാ.ആൻറു ആലപ്പാടൻ, തിരുന്നാൾ കമ്മറ്റി ഭാരവാഹികൾ എന്നിവർ അറിയിച്ചു.