പരിസ്ഥിതി സംരക്ഷിത മേഖലയായ കോന്തിപുലം പാടത്ത് വ്യാപകമായി പാടം മണ്ണിട്ടു നികത്തിയ നിലയിൽ ..

ഇരിങ്ങാലക്കുട :ഇറാനിൽ നടന്ന അന്തർദേശീയ കൺവെൻഷനിൽ ലോകത്ത് സംരക്ഷിക്കാനായി നിർദ്ദേശിച്ചിട്ടുള്ള തണ്ണീർത്തടങ്ങളിൽ ഉൾപ്പെട്ട മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടത്ത് നാലേക്കറോളം കൃഷിഭൂമി മണ്ണിട്ടു നികത്തിയ നിലയിൽ. രാത്രിയിലാണ് നികത്തൽ നടക്കുന്നത്. ചെങ്ങാലൂർ മാട്ടുമലയിലെ കുന്നിടിച്ച മണ്ണാണ് ഇവിടെ കൊണ്ടുവന്ന് നികത്തുന്നത്. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറിയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ പ്രദേശം.ഏറ്റവും കൂടുതൽ ദേശാടന പക്ഷികളെത്തുന്ന ഇവിടം അന്താരാഷ്ട്ര തലത്തിൽ വരെ അതീവപരിസ്ഥി പ്രാധാന്യമുള്ളതാണ്.ഇപ്പോൾ നടക്കുന്ന നികത്തലിനെതിരെ പ്രദേശവാസികൾ കൃഷിഭവനിലും താലൂക്കാഫീസിലും കളക്ടറേറ്റിലും പരാതി കൊടുത്തതിന്റെ ഫലമായി താൽക്കാലികമായി നിലം നികത്തുന്ന പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ സമീപകാലത്തുണ്ടായ പോലെ കുറേനാൾ കേസ് നടന്ന് അവസാനം മുൻകാല പ്രാബല്യത്തോടെ നിശ്ചിത വർഷം വരെയുള്ള നിലം നികത്തലുകൾ സാധുവായി സർക്കാർ പ്രഖ്യാപിച്ചാൽ ഇതിനു പുറകേ നടന്നിട്ട് കാര്യമുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുക്കാർ.