ബൈപാസ് ബസ്സപകടം ; പോലീസിനെ വെല്ലുവിളിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : റൂട്ട് തെറ്റിച്ച് മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനു നേരെ അസഭ്യ വർഷം നടത്തിയ സുബ്രമണ്യം എന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ കൊറ്റനല്ലൂർ സ്വദേശി മച്ചാട്ട് വീട്ടിൽ അനീഷ് വിശ്വംഭരനെ എസ്.ഐ ബിബിൻ സി.വി അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ മാസ് തിയറ്ററിനു സമീപം റൂട്ട് തെറ്റിച്ച് അമിത വേഗത്തിൽ വന്ന കാശിനാഥൻ എന്ന സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി ഇരിങ്ങാലക്കുട സ്വദേശിനി സോണിയ ഫ്രാൻസിസിന് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ എത്തിയ പോലീസ് അതേ റൂട്ടിൽ അമിത വേഗതയിൽ അപകടകരമായി വന്ന സുബ്രമണ്യം എന്ന ബസ് പരിശോധിച്ചതിനെ തുടർന്ന് പെർമിറ്റ് ലംഘിച്ചാണ് ബസ് ഓടുന്നത് എന്ന് കണ്ടെത്തി. വിശദീകരണം ചോദിച്ച പോലീസിനോട് ബസിലെ ജീവനക്കാർ തട്ടിക്കയറി. ആദ്യത്തെ അപകടത്തെ തുടർന്ന് തടിച്ചുകൂടിയ നാട്ടുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് സുബ്രമണ്യം ബസ് ജീവനക്കാരുടെ ഈ പ്രവൃത്തി.

ബസുകളുടെ മത്സര ഓട്ടത്തിനും അമിതവേഗത്തിനും എതിരെ നടപടികൾ സ്വീകരിക്കുന്ന ഇരിങ്ങാലക്കുട എസ്.ഐ ബിബിൻ സി.വി ക്കെതിരെ ശക്തമായ പ്രതിഷേധ നടപടികൾ ബസ് അസോസിയേഷനുകളെ ഉപയോഗിച്ച് സ്വീകരിക്കും എന്നാണ് സുബ്രമണ്യം ബസ് ജീവനക്കാരുടെ വെല്ലുവിളി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.