അപകടങ്ങൾ തുടർകഥയായി ബൈപാസ് റോഡിലെ കേശവൻവൈദ്യർ സ്ക്വയർ ; അപകടങ്ങൾ തുടരുമ്പോഴും നടപടികളെടുക്കാതെ നോക്കുകുത്തിയായി നഗരസഭ

Carmel College Admission Started

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ കേശവൻവൈദ്യർ സ്ക്വയറിൽ വീണ്ടും  വാഹനാപകടം. ഇന്നു രാവിലെ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പൊറത്തിശ്ശേരി (സാന്ത്വന സദനു സമീപം) തൊടുപറപമ്പിൽ രാജന്റെ ഭാര്യ സോണിയ (36 വയസ്സ്) ആണ് പരിക്കേറ്റത്. ഇവർ കോട്ടപ്പുറം സ്കൂളിലെ അധ്യാപികയാണ്. ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഇവരെ ഇതു വഴി വന്ന മറ്റ് യാത്രക്കാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടനെ മാറ്റും.

ഇടിയുടെ ആഘാതത്തിൽ 10 മീറ്ററോളം സ്കൂട്ടർ യാത്രക്കാരി തെറിച്ചു പോയി വീഴുകയായിരുന്നു. റോഡിൽ രക്തം തളം കെട്ടി കിടക്കുന്ന നിലയിലാണ്. രാവിലെ ഒൻപത് മണിയോടെ ആയിരുന്നു അപകടം. റൂട്ട് തെറ്റിച്ച് അമിത വേഗതയിൽ വന്ന കാശിനാഥൻ ബസ്സാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയ എസ്ഐ ബിബിന്റെ നേതൃത്വത്തിൽ റൂട്ട് തെറ്റിച്ച് ഓടിച്ചു വന്ന സ്വകാര്യ ബസ്സുകൾക്ക് എതിരെ നടപടി സ്വീകരിച്ചു.

ഇവിടുത്തെ  അപകടാവസ്ഥ സൂചിപ്പിച്ച് രണ്ടു ദിവസം മുമ്പ് ഇരിങ്ങാലക്കുട ടൈംസ് വാർത്ത നൽകിയിരുന്നു. അപകടങ്ങൾ പെരുകുമ്പോഴും, ജീവനുകൾ നഷ്ടപ്പെടുമ്പോഴും രണ്ട് ഹമ്പുകൾ സ്ഥാപിച്ച് ഇവിടെ വേഗം നിയന്ത്രിക്കുവാൻ ഇതുവരെയും നഗരസഭ തയ്യാറായിട്ടില്ല. രാത്രിയിൽ ഇവിടെ വെളിച്ചവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Shopping Complex for Rent