കേന്ദ്ര ഗവൺമെന്റ് ഏജൻസിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു


ഇരിങ്ങാലക്കുട : കേന്ദ്ര ഗവൺമെൻറിൻറെ ഫീൽഡ് ഔട്ട് റിച്ച് ബ്യൂറോയും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്ര ഗവൺമെൻറിൻറെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രദർശനവും ഉണ്ടായിരിക്കും. പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ നിമ്മ്യ ഷിജു നിർവഹിക്കും.

റീജണൽ ഔട്ട് റിച്ച് ബ്യൂറോ ഡയറക്ടർ എസ് സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തും. ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കുന്ന ശുചീകരണത്തിന് നഗരസഭ അധ്യക്ഷ യും മറ്റു ജനപ്രതിനിധികളും ഹരിത കർമസേന അംഗങ്ങളും നേതൃത്വം നൽകും.

ഇരിങ്ങാലക്കുട നഗരസഭ ഹാളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ ശുചിത്വം, പരിസര ശുചിത്വം, വ്യക്തിശുചിത്വം, ഉറവിട മാലിന്യസംസ്കരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസെടുക്കും. സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ 10മണിക്ക് മാലിന്യം കൊണ്ടുണ്ടാകുന്ന സാംക്രമിക രോഗങ്ങളെ കുറിച്ച് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എഎ മിനിമോൾ വിശദീകരിക്കും