വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം നാടിനു സമർപ്പിച്ചു

വെള്ളാങ്ങല്ലൂർ : അഴിമതി രഹിതമായും സുതാര്യമായുമാവണം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കേണ്ടതെന്നും ‘ഇ’ – ഗവേണൻസ് സംവിധാനങ്ങൾ വഴി പഞ്ചായത്തുകളുടെ സേവനം വിപുലപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെയെല്ലാം ഗുണം ജനങ്ങൾക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ, സി മൊയ്തീൻ പ്രസ്താവിച്ചു.വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിട മന്ദിരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾ ഐക്യത്തോടെയാണ് പ്രളയത്തെ നേരിട്ടത്, കേരളത്തിന്റെ പുനർനിർമ്മിതിയുടെ ഈ ഘട്ടത്തിൽ വീടു നഷ്ടപ്പെട്ടവർക്കുള്ള വീടുകൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കുടുംബ ശ്രീ മിഷൻ ഇതിനു വേണ്ടി 11 കോടിയോളം രൂപ സർക്കാരിന് നൽകിയതായും മന്ത്രി പറഞ്ഞു.

കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനം രാജ്യത്തിനു തന്നെ മാതൃകയാണെന്നും ഇതിനെപ്പറ്റി പഠിക്കുവാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും മറ്റുള്ളവരും വരാറുണ്ടെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കണക്കുകളും മറ്റു കാര്യങ്ങളും പരിശീലിപ്പിക്കുന്നതിനായി സ്‌കൂള്‍ തുടങ്ങുവാന്‍ ആലോചനയുണ്ടെന്നും ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സംഭാവന നല്‍കിയത് വിദ്യാര്‍ഥികളാണെന്നും,ഉദ്യോഗസ്ഥര്‍ മേശക്കടിയിലൂടെയല്ല ജോലി ചെയ്യേണ്ടതെന്നും മേശക്ക് മുകളിലൂടെ ജോലി ചെയ്ത് പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യണമെന്നും
തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ ജോലികള്‍ ഉള്‍പ്പെടുത്തുന്നതിന് ആലോചനയുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.

കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍. സുനില്‍കുമാര്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ബ്‌ളോക്ക് പഞ്ചായത്ത്- പഞ്ചായത്ത് പ്രസിഡന്റുമാരെയും വാര്‍ഡംഗങ്ങളേയും വെള്ളാംങ്ങല്ലൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര ആദരിച്ചു. മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കാതറിന്‍ പോളും സോളാര്‍ പാനലിന്റെ ഉദ്ഘാടനം തൃശൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പിജെ.ജെയിംസും ഉദ്ഘാടനംചെയ്തു. വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ്, ബ്‌ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബീന മജീദ്, പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍മാരായ എംകെ.മോഹനന്‍, നിഷഷാജി, സീമന്തിനി സുന്ദരന്‍, പ്രീതി സുരേഷ്,മറ്റു വാര്‍ഡംഗങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് എ.ഇ. സിമി സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.96 ലക്ഷം രൂപ പ്ളാൻ ഫണ്ടിൽ നിന്നും മറ്റ് ഫണ്ടുകളിൽ നിന്നും വകയിരുത്തിയാണ് പുതിയ ഓഫീസ് മന്ദിരം യാഥാർത്ഥ്യമാക്കിയത്.