കണക്കിൽ പെടാത്ത പണവുമായി ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ യെ വിജിലൻസ് സംഘം പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചാലക്കുടി റോഡിൽ തൊമ്മാനയിൽ വെച്ച് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ കുടുങ്ങി.സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളിന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന ജോയിന്റ് ആർ.ടി.ഒ യുടെ സീറ്റിനടിയിൽ നിന്ന് 24,400 രൂപ വിജിലൻസ് സംഘം കണ്ടെടുത്തു. ഇതിൽ 4,400 രൂപക്ക് മാത്രമാണ് കണക്ക് കാണിക്കാനായത്. പിടിച്ചെടുത്ത തുക തുടർ നടപടികൾക്കായി വിജിലൻസ് സംഘം കണ്ടു കെട്ടി.

വിജിലൻസ് ഡി.വൈ.എസ്.പി മാത്യു രാജിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.വിജിലൻസ് സി.ഐ സുനിൽദാസ്,എ.എസ്.ഐ ഷാജി, ഹെഡ് കോൺസ്റ്റബിൾ ബിന്നൽ, ഡേവീസ്, എ.എസ്.ഐ ലോഹിതാക്ഷൻ എന്നിവരടങ്ങിയ സംഘമാണ് ജോയിന്റ് ആർ.ടി.ഒ എം.കെ പ്രകാശിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.