നഗരത്തിലെ വർധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങൾക്ക് തടയിടാൻ ഊർജ്ജിത ശ്രമങ്ങളുമായി ഇരിങ്ങാലക്കുട പോലീസ്


ഇരിങ്ങാലക്കുട : നഗരത്തിൽ ഈയിടെയായി വർദ്ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങൾക്ക് അറുതി വരുത്തുന്നതിനും കുട്ടി കുറ്റവാളികളെയും മയക്കു മരുന്ന് മാഫിയകളെയും അമർച്ച ചെയ്യുന്നതിനുമായി ഇരിങ്ങാലക്കുട പോലീസ് അതി ശക്തമായ നടപടിയിലേക്ക്.സി.ഐ സുരേഷ് കുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐ ബിബിന്റെ നേതൃത്വത്തിൽ ഗുണ്ടാ സ്ക്വാഡ് രൂപീകരിച്ചാണ് നടപടികൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വരുന്നത്.

എക്സൈസ് ഓഫീസ് ആക്രമണം, വീടുകയറി ആക്രമണം എന്നിവയിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ടുണ്ട്.ബാക്കി പ്രതികൾ വലയിൽ ആയിട്ടുണ്ടന്നാണ് പോലീസ് നൽകുന്ന സൂചന. ജനങ്ങളുടെ ശാന്തിയും സമാധാനത്തിനും ഭംഗം വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു. ഇത്തരം കുറ്റവാളികളെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ പോലീസിൽ അറിയിച്ച് ഇത്തരം നടപടികളുമായി സഹകരിക്കണമെന്നും ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.

മുരുകേഷ് കടവത്ത്, മനോജ്, സുനീഷ്, ജോഷി, രാഹുൽ, സുനിൽ, വൈശാഖ്,അരുൺ എന്നിവരാണ് ഗുണ്ടാ സ്ക്വാഡിൽ ഉള്ളത്.