മധുരിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് “ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍” ഹൃദയസ്പര്‍ശിയായി

വെള്ളാങ്ങല്ലൂര്‍ : കോണത്തുകുന്ന്‍ ഗവ.യു.പി.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി അധ്യാപക സംഗമം “ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍” മധുരിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെക്കുന്ന വേദിയായി. നൂറ്റഞ്ച് വര്‍ഷം പഴക്കമുള്ള സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി.ടി.എ., എം.പി.ടി.എ. അംഗങ്ങളുടെ സംഗമമാണ് നടന്നത്. രാവിലെ നടന്ന അസംബ്ലിയില്‍ പ്രായഭേദമില്ലാതെ പൂര്‍വ്വവിദ്യാര്‍ഥികള്‍ ആദ്യകാല ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍കാല പ്രധാനാധ്യാപകന്‍ കെ.കെ.അപ്പുക്കുട്ടന്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി. എ.വി.പ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . രാജീവ്‌ മുല്ലപ്പിള്ളി പത്ര പാരായണം നടത്തി. പ്രാര്‍ത്ഥന, ദേശീയഗാനം എന്നിവ പൂര്‍വ്വ വിദ്യാര്‍ഥികളാണ് ചൊല്ലിയത്.

ഫിസിയോളജിസ്റ്റ് എം.കെ.സുഗതന്‍ മെഡിറ്റേഷന്‍ നടത്തി. പ്രധാനാധ്യാപിക പി.വൃന്ദ, പ്രസംഗിച്ചു. തുടര്‍ന്ന് പ്രായമനുസരിച്ച് ഓരോരുത്തര്‍ക്കും അനുവദിച്ച ക്ലാസ്സുകളില്‍ കയറി തങ്ങളുടെ ആദ്യകാല അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രായം മറന്ന് അധ്യാപകര്‍ വിവിധ ക്ലാസുകളില്‍ കയറി തങ്ങളുടെ പഴയ വിദ്യാര്‍ഥികളുമായി ഓര്‍മ്മകള്‍ പങ്കുവെച്ചു. തുടര്‍ന്ന് നടന്ന ഗുരുവന്ദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. എം.എസ്.ശ്രീദേവി അധ്യക്ഷയായി. പി.എസ്.അബ്ദുള്‍ജബ്ബാര്‍, എ.വി.പ്രകാശ്‌, എം.എസ്.കാശിവിശ്വനാഥന്‍, എ.ആര്‍.രാമദാസ്‌, എം.കെ.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

35 ആദ്യകാല അധ്യാപകരെ ആദരിച്ചു. തുടര്‍ന്ന്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ഷമ്മി ജോസഫ് ചിരിയോഗ ക്ലാസ്സെടുത്തു. സംഗമത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ നെല്ലിത്തൈ നട്ടു.
“നെല്ലിമുറ്റം” പൂര്‍വ്വ വിദ്യാര്‍ഥി അധ്യാപക സംഘടനയുടെ ഉദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്പെക്ടര്‍ സി.വി.ബിബിന്‍ മുഖ്യാതിഥിയായി.

ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, സിമി കണ്ണദാസ്, എ.ആര്‍.രാമദാസ്‌, എ.വൈ.മോഹന്‍ദാസ്‌, എം.കെ.മോഹനന്‍, എം.എസ്.കാശി വിശ്വനാഥന്‍,മണി മോഹന്‍ദാസ്‌, കെ.കെ.അപ്പുക്കുട്ടന്‍, എ.വി.പ്രകാശ്, പി.എ.നൗഷാദ്, പി.എസ്.അബ്ദുള്‍ജബ്ബാര്‍, എം.എസ്.രഘുനാഥ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളും പൂര്‍വ്വവിദ്യാര്‍ഥികളും അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. ഉപ്പിലിട്ട നെല്ലിക്ക, ലൂബിക്ക, മാങ്ങ , ബലൂണ്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ വില്പനശാലകള്‍ പങ്കെടുത്തവരെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.