അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം സെൽഫി എടുത്ത ഉബൈദ് ഉൾപ്പെടെ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ


അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ നാട്ടുവാസികൾ ചേർന്ന് മോഷണക്കുറ്റം ആരോപിച്ച് വിചാരണ ചെയ്ത് തല്ലിക്കൊന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഹുസെെൻ, അബ്ദുൽ ഖരീം, ഉബെെദ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ള മൂന്നു പേർ. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്താനും കര്‍ശന നടപടിയെടുക്കാനും ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പട്ടികജാതി പട്ടികവർ​ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. തൃശ്ശൂർ റേഞ്ച് എെജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇതിനിടെ മധുവിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകനെ നാട്ടുകാർ തല്ലിക്കെന്നതാണെന്നും കുറ്റവാളികളെ ഉടൻ പിടിക്കണമെന്നും കൊല്ലപ്പെട്ട മധുവിന്റെ അമ്മ അല്ലി പറഞ്ഞു. സ്ഥലത്തെ ഡ്രെെവർമാർ അടക്കമുള്ളവരാണ് മകനെ മർദ്ദിച്ചത്. മകന് മാനസിക പ്രശ്‌നമുണ്ടായിരുന്നു. മകന്‍ മോഷണം നടത്തില്ലെന്നും അവർ പറഞ്ഞു. മാനസിക ആസ്വാസ്ഥ്യമുള്ള മധുവിനെ നാട്ടുകാർ കൂട്ടം ചേർന്ന് മല്ലീശ്വരം കോവിലിൽ നിന്ന് പിടിച്ചുകൊണ്ട് വന്നു മുക്കാലി കവലയിൽ ഇട്ടു മർദ്ദിച്ചു കൊല്ലുകയായിരുന്നു. കടകളിൽ കയറി ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുന്നവെന്ന കുറ്റം ആരോപിച്ചാണ് നാട്ടുകാർ ഇയാളെ തല്ലിക്കൊന്നത്. മല്ലീശ്വരം കോവിൽ നിന്നും മുക്കാലി കവല വരെ ഇയാളെ നാട്ടുകാരെന്ന അവകാശപ്പെട്ട മലയാളികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.