അഭിമാനത്തിന്റെ പെൺകരുത്ത് – അവനി ചതുർവേദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റെന്ന റെക്കാര്‍ഡ് സ്വന്തമാക്കി അവനി ചതുര്‍വേദി. മിഗ്-21 ബിസോണ്‍ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്കു പറത്തിയത്.

ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗര്‍ ബേസില്‍നിന്നാണ് അവനി പറന്നുയര്‍ന്നത്. 2016 ജൂലായിലാണ് ഫ്‌ളൈയിംഗ് ഓഫീസര്‍മാരായ അവനി ചതുര്‍വേദി, ഭാവ്‌ന കാന്ത്, മോഹ്‌ന സിംഗ് എന്നിവര്‍ യുദ്ധ വിമാനം പറത്തുന്നതിനുള്ള പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചത്.

യുദ്ധ വൈമാനിക മേഖലയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ മൂവര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയത്. ഇവര്‍ക്ക് ശേഷമുള്ള അടുത്ത മൂന്നംഗ വനിതാ സംഘത്തെയും ഇന്ത്യന്‍ വ്യോമസേന തിരഞ്ഞെടുത്തിട്ടുണ്ട്.

ഹൈദരാബാദ് എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ 150 മണിക്കൂറുകളോളം വിമാനം പറത്തി പരിശീലനത്തിന്റെ ആദ്യഘട്ടം വിജകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് അവനി സേനയുടെ ഭാഗമായത്.