കൊലയ്ക്കു മുൻപ് സെൽഫി എടുത്ത ആഘോഷം; പ്രതിയെ കണ്ടെത്തി

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മാത്രമേ ആദിവാസി യുവാവിനെ സഞ്ചിയിൽ മല്ലിയുണ്ടെന്ന പേരിൽ തല്ലിക്കൊന്ന കൊലയാളികളെ പിടികൂടു എന്നു പറഞ്ഞ് പൊലീസ് ഉറങ്ങാൻ പോയി. എന്നാൽ കൊല്ലുന്നതിനു മുൻപ് സെൽഫി എടുത്ത് ആഘോഷിച്ച ക്രിമിനലിനെ സോഷ്യൽ മീഡിയ കണ്ടെത്തി

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ നാട്ടുവാസികൾ വിചാരണ ചെയ്ത് തല്ലിക്കൊന്നിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാതെ പൊലീസ്. ഉറക്കത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതികളെ പിടിക്കണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നാണ് നേരത്തെ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ മധുവിനെ വിചാരണ ചെയ്ത് മർദ്ദിക്കുമ്പോൾ സെൽഫിയെടുത്ത് ആളെ മണിക്കൂറുകൾക്കകം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇയാൾ സ്ഥലം എംഎൽഎ ഷംസുദ്ദീനുമായി വാഹനത്തിൽ യാത്ര ചെയ്യുന്നതുൾപ്പടെയുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയൽ പ്രചരിക്കുന്നുണ്ട്. ഇനി ഇയാളോട് ചോദിച്ചാൽ കൂടെയുണ്ടായിരുന്ന ബാക്കി കൊലയാളികളേയും പൊലീസിന് കണ്ടെത്താം.

ഇന്നലെ വൈകുന്നേരത്തോടെയാണ് മലയാളി നാട്ടുവാസികൾ ആദിവാസി യുവാവായ മധുവിനെ മല്ലിപ്പൊടിയും മുളകുപൊടിയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിചാരണ ചെയ്ത് ക്രൂര മർദ്ദനത്തിനിരയാക്കിയത്. മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ നാട്ടുകാർ കൂട്ടം ചേർന്ന് മല്ലീശരം കോവിലിൽ നിന്ന് പിടിച്ചുകൊണ്ട് വന്നു മുക്കാലി കവലയിൽ ഇട്ടു മർദ്ദിച്ചു കൊല്ലുകയായിരുന്നു.മധുവിനെ കെട്ടിയിട്ടതിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുത്ത് ഫേസ് ബുക്കിലിട്ട ഉബൈദ് ടി.യു എന്നയാളുടെ പ്രൊഫൈലിൽ പൊങ്കാലയിടുന്ന തിരക്കിലാണ് നവമാധ്യമ പോരാളികൾ. ഉത്തരേന്ത്യയിൽ മാത്രം കേട്ടിരുന്ന നാട്ടുകൂട്ട വിചാരണ കൊലപാതകങ്ങൾ കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ നടുക്കത്തിലാണ് മലയാളികൾ.