മാണിക്യ മലരായ പൂവീ…… മഹതിയാം ഖദീജ ബീവി……


 

മാണിക്യ മലരായ പൂവീ……
മഹതിയാം ഖദീജ ബീവി……
മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരീ…..

സുപ്രസിദ്ധമായ ഈ ഗാനം ലോകമെമ്പാടുമുള്ള ആസ്വാദകർ നെഞ്ചിലേറ്റി കഴിഞ്ഞു.

ഈ ഗാനം തരംഗമായി മാറുമ്പോൾ ആരോടും പരിഭവമില്ലാതെ എല്ലാം കണ്ട് ആസ്വദിക്കുകയാണ് ഈ അനശ്വര ഗാനത്തിന്റെ രചയിതാവ് –
കരൂപ്പടന്ന പുതിയവീട്ടിൽ അബ്ദുൽ ജബ്ബാറെന്ന പി.എം.എ.ജബ്ബാർ മൗലവി.

ഉറുദു സ്വാധീനത്തിൽ നിന്ന് മോചനം നേടാത്ത മലബാറി ഇശലുകളും ഗൾഫ് മലയാളികൾക്ക് വേണ്ടിയുള്ള കത്തു പാട്ടുകളും മാത്രം രംഗം അടക്കിവാണ എഴുപതുകളിൽ മാധുര്യമൂറുന്ന ലളിത മലയാള ഭാഷയുടെ സൗന്ദര്യവുമായി ആധുനിക മാപ്പിള ഗാന സാഹിത്യത്തിന് പുതിയ ദിശാബോധം പകർന്ന ചെറുപ്പക്കാരനാണ് ഇന്ന് 60 ൽ എത്തി നിൽക്കുന്ന ജബ്ബാർ ഉസ്താദ്.

500 ഓളം പാട്ടുകൾ രചിച്ചിട്ടുള്ള നിരവധി പാട്ടുപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ജബ്ബാർ ഉസ്താദിന്റെ മാസ്റ്റർ പീസാണ് “മാണിക്യ മലർ.” 1978 ൽ എഴുതിയ ഈ ഗാനം ആദ്യമായി പാടിയതും നിരവധി വേദികളിൽ പാടി ഹിറ്റാക്കിയതും പ്രശസ്ത ഗായകൻ തലശ്ശേരി കെ. റഫീഖ് ആണ്.

70 കളിലും 80 കളിൽ തിളങ്ങി നിന്നിരുന്ന കരൂപ്പടന്നയിലെ കലാ- സാംസ്കാരിക കൂട്ടായ്മയുടെ മധുരമൂറുന്ന ഓർമ്മ കൂടിയാണ് ഈ ഗാനം…..

കരൂപ്പടന്ന ഗവ.ഹൈസ്കൂളിൽ നിന്നും പുല്ലൂറ്റ് കുഞ്ഞി കുട്ടൻ തമ്പുരാൻ സ്മാരക കോളേജിൽ നിന്നും വിദ്യാഭ്യാസം നേടിയ പി.എം.എ.ജബ്ബാർ ഇപ്പോൾ സൗദിയിലെ റിയാദിൽ ആണ്.

കലാ രംഗത്ത് വീണ്ടുംസജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു.

( റഊഫ് കരൂപ്പടന്ന )
9447923582