ഇരിങ്ങാലക്കുട : നെതർലൻ്റ്സിൽ സ്ഥിരതാമസമാക്കിയ കരൂപ്പടന്ന സ്വദേശിനി ഡോ. ഷാഹിന മുംതാസിൻ്റെ അനുസ്മരണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ഷാഹിനീയം’ പത്രിക വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ പ്രകാശനം ചെയ്തു.
വള്ളിവട്ടം സഹകരണ ബാങ്ക് പ്രസിഡൻ്റ് സോജൻ ചിറയിൽ ആദ്യ പ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.
ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാമിംഗ് ഡിപ്പാർട്ട്മെൻ്റ് തലവനായിരുന്ന ഡോ. മുരളി തുമ്മാരുകുടി, ഡക്കാൻ ക്രോണിക്കലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്റർ കെ.ജെ. ജേക്കബ്, കൈറ്റ് മെമ്പർ സെക്രട്ടറി കെ. അൻവർ സാദത്ത്, പ്രവാസിക്ഷേമ ബോർഡ് മുൻ ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ തുടങ്ങിയവരാണ് ഷാഹിനീയത്തിൽ അനുസ്മരണ ലേഖനങ്ങൾ എഴുതിയിട്ടുള്ളത്.
ഗവേഷക, പ്രഭാഷക, അക്കാഡമിഷ്യൻ തുടങ്ങിയ മേഖലകളിലെല്ലാം അതീവ നിപുണയായിരുന്നു ഡോ. ഷാഹിന.
2024ലെ ലോക കേരളസഭയിൽ നെതർലൻ്റ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷാഹിന പ്രായം കുറഞ്ഞ പ്രതിനിധി എന്ന നിലയിലും അവതരണ മികവ് കൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഇടതുപക്ഷ- ധൈഷണിക രംഗങ്ങളിലെ ഉന്നതരുമായി വിപുലമായ ഹൃദയബന്ധം സ്ഥാപിച്ചിരുന്നു അവർ.
കരൂപ്പടന്ന സ്കൂൾ, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ്, ക്രൈസ്റ്റ് കോളെജ്, ചാലക്കുടി സേക്രഡ് ഹാർട്ട് കോളെജ് എന്നിവിടങ്ങിൽ പഠിച്ച് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം റിസർച്ചിനായി നെതർലൻ്റ്സിലേക്ക് പോയി അവിടെ പി.എച്ച്.ഡി. എടുത്തതിന് പുറമെ നിയമബിരുദവവും കരസ്ഥമാക്കിയിരുന്നു.
2023 മുതൽ നെതർലൻ്റ്സിൽ യൂറോപ്യൻ സ്വത്തവകാശ അറ്റോണിയായി ജോലി ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് രോഗബാധിതയായി കേരളത്തിൽ വെച്ച് മരണമടയുന്നത്. 44 വയസ്സായിരുന്നു.
അബ്ദുള്ള – നഫീസ എന്നീ അധ്യാപക ദമ്പതികളുടെ മകളാണ് ഷാഹിന.
ഒക്ടോബർ 11ന് കരൂപ്പടന്നയിൽ ഷാഹിനയ്ക്ക് നാടിൻ്റെ സ്മരണാഞ്ജലി അർപ്പിക്കുന്നതിനായി വിപുലമായ പരിപാടി സംഘടിപ്പിക്കും.












Leave a Reply