ഇരിങ്ങാലക്കുടയിൽ 5-ാമത് സ്നേഹക്കൂട് വീടിൻ്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്നേഹക്കൂട് പദ്ധതിയിലൂടെ 5-ാമത്തെ വീടിന്റെയും താക്കോൽ കൈമാറി.

കാട്ടൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ വിദ്യാർഥി തിയ്യത്തു പറമ്പിൽ അജയന്റെ മകൻ അജിത്തിൻ്റെ ശോചനീയാവസ്ഥയിലായിരുന്ന വീടിൻ്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയാണ് മന്ത്രി ആർ. ബിന്ദു താക്കോൽ കൈമാറിയത്.

തൃശ്ശൂർ ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ 32 എൻ.എസ്.എസ്. യൂണിറ്റുകൾ സംയുക്തമായി നടത്തിയ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.

കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഹി ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്, വാർഡ് മെമ്പർമാരായ വിമല സുഗുണൻ, രമാഭായ്,
എൻ.എസ്.എസ്. റീജിയണൽ കോർഡിനേറ്റർ എം. പ്രീത, ജില്ലാ കോർഡിനേറ്റർ ടി.വി. സതീഷ്, ക്ലസ്റ്റർ കോർഡിനേറ്റർ ബിജോയ് വർഗ്ഗീസ്, പോംപെ സെൻ്റ് മേരീസ് വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.ബി. പ്രിയ, എൻ.എസ്.എസ്. മുൻ പ്രോഗ്രാം ഓഫീസർ സൈമൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്നേഹക്കൂട് കോർഡിനേറ്റർ ഡോ. ടി.വി. ബിനു സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.ബി. വിനിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *